17-May-2023 -
By. news desk
കൊച്ചി: നിര്‍മാണ മേഖലയുടെ സാധ്യതയും വരുമാനവും അടിസ്ഥാനമാക്കി നിയമ നിര്‍മാണവും ഭേദഗതികളും വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററിയുടെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.ഉപഭോക്താക്കള്‍ക്കും ഡവലപ്പേഴ്‌സിനും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയിലുള്ള വെബ് സൈറ്റാണ് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അബദ്ധങ്ങളില്ലാതെ ശരിയായ റിയല്‍ എസ്‌റ്റേറ്റ് അവസരങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. പ്രമോട്ടേഴ്‌സിന് മികച്ച വാണിജ്യ അവസരമായും വെബ്‌സൈറ്റ് മാറും. സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള പരിശ്രമമാണ് ഗവണ്‍മെന്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടുകള്‍ വഴി അപാര്‍ട്ട്‌മെന്റോ പ്‌ളോട്ടോ കൊമേഴ്‌സ്യല്‍ സ്‌പേസോ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി https://rera.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭൂവിവര വ്യവസ്ഥ (GIS) യടക്കമുള്ള നൂതന സാങ്കേതികവിദ്യ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. .കേരളത്തിലെ ഏതു ജില്ലയിലുമുള്ള പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍, പ്ലോട്ടുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ തിരഞ്ഞ് കണ്ടു പിടിക്കാന്‍ ഉതകുന്ന 'പ്രോപ്പര്‍ട്ടി എക്‌സ്‌പ്ലൊറേഷന്‍ ടൂള്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം എന്നിവ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടൊപ്പം ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന കാര്യവും മുന്നില്‍ കണ്ടു കൊണ്ടാണ് ഈ വെബ്‌സൈറ്റും അതിലൂടെ ആക്‌സസ് ചെയ്യാവുന്ന വെബ് പോര്‍ട്ടലും വികസിപ്പിച്ചിട്ടുള്ളത്.
#ministermbrajesh